2011, ഓഗസ്റ്റ് 13, ശനിയാഴ്‌ച

'ഗദ്ദാമ'കളും 'തബ്ബാക്കു'കളും

വെച്ചു വിളമ്പി മണലാരണ്യത്തിലെ 'തബ്ബാക്കു'കള്‍
റാസല്‍ഖൈമ: കിഴക്കിന്റെ വെനീസില്‍നിന്ന് കടല്‍ കടക്കാന്‍ തീരുമാനിച്ചപ്പോള്‍ ഹലീമയുടെ മനസ് നിറയെ ആധി മാത്രമായിരുന്നു. തന്റെ തീരുമാനം എരിതീയില്‍ നിന്ന് വറചട്ടിയിലേക്കുള്ള ചുവടുവെപ്പാകുമോ എന്ന കടുത്ത ആശങ്ക. എങ്കിലും എല്ലാം പടച്ച റബ്ബില്‍ അര്‍പ്പിച്ച് ഇറങ്ങി. അല്ലാഹുവിന്റെ കാവല്‍...  എത്തിപ്പെട്ട സ്ഥലം സ്വന്തം മണ്ണിനേക്കാള്‍ സുരക്ഷിതത്വം നല്‍കുന്നതായി. റാസല്‍ഖൈമയിലെ പ്രമുഖ സ്വദേശി കുടുംബത്തില്‍ ജോലി ചെയ്തുവരുന്ന ആലപ്പുഴ സ്വദേശിനി തന്റെ എട്ട് വര്‍ഷത്തെ മരുഭൂമിയിലെ പ്രവാസ ജീവിതത്തെകുറിച്ച് മനസ് തുറക്കുന്നു:
മാതാവും ആറ് അനുജത്തിമാരും സഹോദരനുമടങ്ങുന്ന കുടുംബത്തിലെ അംഗമായ ഇവരുടെ വിവാഹം കഴിഞ്ഞെങ്കിലും അതിനേറെ ആയുസുണ്ടായില്ല. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയി. പിതാവ് മരണപ്പെട്ടതിനാല്‍ വീട്ടിലെ പ്രാരാബ്ധങ്ങള്‍ ചുമലില്‍ വീണു. നാട്ടില്‍ കൂലിപ്പണിക്ക് പോയിത്തുടങ്ങി. സ്ഥിരമായി പോകുന്ന മാസങ്ങളില്‍ 3,000 രൂപ ലഭിച്ചിരുന്നു. അത് എണ്ണി ചുട്ട അപ്പം പോലെ..
ദുരിത ജീവിതം തിരിച്ചറിഞ്ഞ ചില സുമനസ്സുകളുടെ സഹായം ഹലീമയെ അറബ് ഐക്യ നാടുകളിലെ വടക്കന്‍ എമിറേറ്റായ റാസല്‍ഖൈമയിലെത്തിച്ചു. ഇവിടെ ശൈഖ് സഖര്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ വസതിയിലാണ് ജോലി തരപ്പെട്ടത്. അല്ലലും അലട്ടുമില്ലാത്ത ജീവിതം. അര്‍ബാബും ഗൃഹനാഥയും ഹൃദ്യമായ പെരുമാറ്റം. കൃത്യമായ തീയതികളില്‍ ശമ്പളം. നാട്ടില്‍ 3,000 ലഭിച്ചിരുന്നത് ഇവിടെ എത്തിയ ആദ്യ മാസം ഏഴായിരം രൂപയായി വര്‍ധിച്ചത് അന്നത്തെ അവസ്ഥയില്‍ തെല്ലൊന്നുമല്ല ആശ്വാസം നല്‍കിയത്. ഇപ്പോള്‍ തനിക്ക് ഇതിലും ഉയര്‍ന്ന ശമ്പളം ഇവിടെ നിന്ന് ലഭിക്കുന്നുണ്ട്. അല്ലാഹു ആരോഗ്യം നിലനിര്‍ത്തുന്നിടത്തോളം തന്റെ ജീവിതം ഇങ്ങനെ നീങ്ങുമായിരിക്കും. പക്ഷേ, അനുജത്തിമാരുടെ കാര്യം-അവരുടെ വിവാഹം. ഇതാണ് മനസിനെ അലട്ടുന്നത് -ഹൃദയത്തിലെ വിങ്ങല്‍ പുഞ്ചിരിയില്‍ പൊതിഞ്ഞ് ഹലീമ പറഞ്ഞു.
ഇവരെ കൂടാതെ മറ്റ് രണ്ട് മലയാളി യുവതികളും ഇത്യോപ്യന്‍ യുവതിയും വീട്ടു ജോലിക്കായി ഇവിടെയുണ്ട്. എല്ലാവരും ഹലീമയുടെ അഭിപ്രായത്തെ ശരിവെക്കുന്നു. ഗൃഹനാഥ ശൈഖ ഹസയെകുറിച്ചും ഇവര്‍ക്ക് പറയാനുള്ളത് നന്മയുടെ വര്‍ത്തമാനങ്ങള്‍ മാത്രം.
ഇവിടെ 18 വര്‍ഷമായി 'തബ്ബാക്കു'കളായി ജോലി ചെയ്തുവരുന്ന രണ്ട് മലയാളി യുവാക്കളുണ്ട്. ചങ്ങരംകുളം സ്വദേശികളായ മുഹമ്മദും അലിയും. ഇരുവരും സഹോദരങ്ങളാണ്. ഉയര്‍ന്ന ശമ്പളമില്ലെങ്കിലും സ്വസ്ഥമായ ജോലി സാഹചര്യമാണ് തങ്ങളെ ഇവിടെ പിടിച്ചുനിര്‍ത്തുന്നതെന്ന് ഇവര്‍ പറഞ്ഞു. ഒട്ടകം, ആട്, പോത്ത്, കോഴി, മല്‍സ്യം തുടങ്ങിയവ ഉപയോഗിച്ച് തയാറാക്കുന്ന അറബിക് ബിരിയാണികള്‍. ഫിരീദ്, ഹരീസ്, അസീദ, മജ്ബൂസ് തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന വിവിധ രുചിഭേദങ്ങളോടെയുള്ള വിഭവങ്ങള്‍. ഇതെല്ലാം സമയാസമയങ്ങളില്‍ തയാറാക്കി വിതരണം ചെയ്യലാണ് ജോലി. ഇവയെല്ലാം ഒരുക്കുന്നത് വീട്ടുടമയുടെ തീന്‍ മേശയിലേക്കായി മാത്രമല്ല. അയല്‍പക്കക്കാരും അതിഥികളുമായി നിരവധി പേര്‍. അവര്‍ക്കെല്ലാം ഇവ പൊതികളിലാക്കി നല്‍കേണ്ട ചുമതലയും ഇവര്‍ക്ക് തന്നെ.
റമദാന്‍ തുടങ്ങിയാല്‍ തിരക്കിന് കനംവെക്കും. വൈകുന്നേരം നാല് മുതല്‍ ആളുകള്‍ വന്നു തുടങ്ങും. ഓരോ ദിവസവും വ്യത്യസ്ത വിഭവങ്ങള്‍ അതിഥികള്‍ക്ക് നല്‍കും. മാര്‍ക്കറ്റുകളില്‍ നിന്ന് പലചരക്കുകള്‍ എത്തിക്കാന്‍ പ്രത്യേകം ആളുകളുണ്ട്. തങ്ങളുടെ അര്‍ബാബ് വരുമാനത്തിന്റെ നല്ലൊരു ശതമാനം വെച്ചു വിളമ്പി നല്‍കാന്‍ ചെലവഴിക്കുകയാണെന്ന് മുഹമ്മദും അലിയും അവരുടെ അനുഭവം നിരത്തി അഭിപ്രായപ്പെടുന്നു.
കത്തിയാളുന്ന ചൂടില്‍ വൈദ്യുതി വിതരണം കൂടിയില്ലെങ്കില്‍... രണ്ട് പതിറ്റാണ്ടോളം 'തബ്ബാക്കാ'യി ജോലി ചെയ്ത ശേഷം പച്ചക്കറി കച്ചവടത്തിലേക്ക് ചുവടു മാറിയ മൊയ്തീന്‍കുട്ടിക്കയുടെ അനുഭവങ്ങള്‍ ഇങ്ങനെ. 1980കളിലാണ് തിരൂരില്‍ നിന്ന് ഇവിടെയെത്തിയത്. എണ്ണക്കുരുവിന്റെ 'പളപളപ്പ്' അന്ന് എവിടെയും പരന്നിട്ടില്ല. ഇവിടെ അല്‍ മ്യാരീദില്‍ തന്റെ കട നില്‍ക്കുന്നിടമെല്ലാം അന്ന് കടലായിരുന്നു. 15 കിലോമീറ്ററോളം കടല്‍ നികത്തിയിടത്താണ് ഇപ്പോള്‍ ഈ കെട്ടിടങ്ങളെല്ലാം പൊന്തിയിരിക്കുന്നത്.
നമ്മുടെ നാട്ടിലെ ചേരി പ്രദേശങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു തദ്ദേശീയരുടെ പുരയിടങ്ങള്‍. രണ്ട് മണിക്കൂര്‍ വൈദ്യുതിയുണ്ടെങ്കില്‍ പിന്നെ മണിക്കൂറുകള്‍ ഇരുട്ടില്‍. അടുപ്പിലെ ചൂടിനൊപ്പം സൂര്യതാപവും സഹിക്കണം. എന്നാല്‍ ഒരാളെ ഇഷ്ടപ്പെട്ടാല്‍ അയാള്‍ക്ക് എല്ലാ സൗകര്യങ്ങളും ഇവര്‍ ഒരുക്കും. തന്റെ ഭാവി തെളിഞ്ഞതും ഇവരുടെ മനസിലെ നന്മ കൊണ്ടായിരുന്നു. ദാത്തല്‍ ദിജര്‍, മജ്ബൂസ്, മഷ്‌വായ്, ഖസീദ് തുടങ്ങിയ അറബിക് വിഭവങ്ങള്‍ താന്‍ ഉണ്ടാക്കിയിരുന്നു- 20 വര്‍ഷം മുബാറക് ഹാറമിന്റെ വസതിയില്‍ പാചക ജോലി ചെയ്ത മൊയ്തീന്‍ക്ക പറഞ്ഞു നിര്‍ത്തി.
റമദാനില്‍ വ്രതമെടുത്ത് രാവിലെ എട്ട് മുതല്‍ പ്രഭാത നമസ്‌കാരം വരെ തുടരുന്ന ജോലി.... ഇങ്ങനെ എല്ലുമുറിഞ്ഞവരുമുണ്ട് ഇവിടെ. പത്താംതരം കഴിഞ്ഞ് കച്ചവടത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് എടരിക്കോട്ടെ മുഹമ്മദലിക്ക് അക്കരെ നിന്ന് അമ്മാവന്റെ വിളി വന്നത്. ഫ്രീ വിസ തരപ്പെടുത്തിയ സന്തോഷത്തിലുള്ള അമ്മാവന്റെ വിളിയില്‍ മുഹമ്മദലിക്കും ആഹ്ലാദം അടക്കാന്‍ കഴിഞ്ഞില്ല. അറബിപൊന്ന് സ്വന്തമാക്കുകയെന്ന സ്വപ്‌നവുമായി 1979ല്‍ അബൂദബിയിലാണ് വിമാനമിറങ്ങിയത്. ആറു മാസക്കാലം നല്ല ജോലി തേടിയലഞ്ഞ പ്രാര്‍ഥനയുടെ നാളുകള്‍. സ്‌നേഹിതന്‍ 'സഹായിച്ച്' അബൂദബിയില്‍ നിന്ന് ദൂരെയുള്ള ബദാ സാഇദിലേക്ക്. ഇവിടെ സ്വദേശിയുടെ വീട്ടില്‍ 'തബ്ബാക്ക്' ജോലി തരപ്പെട്ടു, സന്തോഷം. ഈ സന്തോഷം പക്ഷേ, അടുത്ത ദിവസം തന്നെ സന്താപത്തിന് വഴിമാറി.
അടുക്കള പണിക്ക് പുറമെ നാല് ഒട്ടകങ്ങള്‍, ആടുകള്‍, ചെടികള്‍ തുടങ്ങിയവയുടെ പരിചരണവും ഈ എടരിക്കോട്ടുകാരന് സ്വന്തം. റമദാനായാല്‍ ജോലി സമയം ഇരട്ടിക്കും. സാധാരണയുള്ള പണികള്‍ക്ക് പുറമെ റമദാനില്‍ വെച്ചു വിളമ്പുന്നത് പല സ്ഥലങ്ങളിലും എത്തിക്കേണ്ട ജോലിയും തനിക്ക് തന്നെ. സുബ്ഹി ബാങ്കിന് തൊട്ടു മുമ്പാണ് വീട്ടില്‍ നിന്ന് പുറത്തു പോയവര്‍ തിരിച്ചെത്തുക. അതുവരെയും ഉറക്കമില്ല. അവര്‍ എത്തിയാല്‍ അത്താഴം വിളമ്പണം. ഈ റമദാനുകള്‍ എട്ട്  ആണ്ടുകള്‍ നീണ്ടു. 23 വര്‍ഷമായി സ്വസ്ഥം. യു.എ.ഇയിലെ പ്രമുഖ സ്ഥാപനത്തില്‍ 'പാചക കല' തുടര്‍ന്നു വരികയാണ് മുഹമ്മദലി.
തങ്ങളുടെ കഥ പറയുന്ന വിവാദമായ 'ഗദ്ദാമ' സിനിമയെക്കുറിച്ച് ഇവരില്‍ ചിലര്‍ വിഷമത്തോടൊപ്പം രോഷവും പങ്കുവെച്ചു. ഇങ്ങനെയൊരു സിനിമ വേണ്ടിയിരുന്നില്ല. പഠിച്ചും കളിച്ചും നടക്കേണ്ട പ്രായമുള്ള തമിഴ് കുട്ടികള്‍ മലയാളി വീടുകളില്‍ ജോലി ചെയ്യുന്നുണ്ടല്ലോ.
ഇവരോട് ക്രൂരമായി പെരുമാറുന്നവരും നല്ല നിലയില്‍ ഇടപെടുന്നവരും മലയാളികളിലുണ്ട്. എന്നാല്‍, ഇതിന്റെ പേരില്‍ ആരും മൊത്തം മലയാളികളെ മോശമായി ചിത്രീകരിച്ച് സിനിമയിറക്കിയിട്ടില്ല. സ്വന്തം കുടുംബം വഴിയാധാരമായാലും തങ്ങളുടെ പ്രശസ്തി വാനോളം ഉയരണമെന്നാഗ്രഹിച്ചവരാണ് ഒരു സമൂഹത്തെയും നാടിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ഇങ്ങനെ ചിത്രീകരണത്തിനിറങ്ങിയത്.
ഖേദം പ്രകടിപ്പിക്കാനെങ്കിലും അവര്‍ തയാറകണം .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ