2011, സെപ്റ്റംബർ 7, ബുധനാഴ്‌ച

വിക്കിലീക്‌സിലൂടെ ഉടുതുണി അഴിഞ്ഞവര്‍

വിക്കിലീക്‌സിലൂടെ ഉടുതുണി അഴിഞ്ഞവര്‍

വിക്കിലീക്‌സിലൂടെ  ഉടുതുണി അഴിഞ്ഞവര്‍
2007ല്‍ ജൂലിയന്‍ അസാന്‍ജ് ആദ്യമായി വിക്കിലീക്‌സിലൂടെ അമേരിക്കയുടെ രഹസ്യസ്വഭാവമുള്ള നയതന്ത്രങ്ങള്‍ പുറത്തുവിട്ടപ്പോള്‍ ആ രാജ്യത്തെ മാത്രമല്ല, രേഖകളില്‍ പരാമര്‍ശിക്കപ്പെട്ട രാഷ്ട്രങ്ങളെയും ഭരണകൂടങ്ങളെയും അത് ഞെട്ടിച്ചു. ലോകത്തെങ്ങുമുള്ള മാധ്യമങ്ങള്‍ അത് ആഘോഷമാക്കിയതോടെ ജനങ്ങളില്‍ അമ്പരപ്പും ആഹ്ലാദവും ഒരേ അവസരത്തില്‍ പ്രകടമായി. അസാന്‍ജിനെ കള്ളക്കേസില്‍ കുടുക്കി നിര്‍വീര്യനാക്കാന്‍ നടന്ന ശ്രമം വിജയിച്ചില്ല. ഇറാനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ അയല്‍പക്കത്തെ അറബ് രാജ്യങ്ങള്‍ അമേരിക്കയോട് ആവശ്യപ്പെട്ടതായ വിവരം വിക്കിലീക്‌സിലൂടെ അനാവരണം ചെയ്യപ്പെട്ടപ്പോള്‍ അങ്കലാപ്പിലായ ബന്ധപ്പെട്ട അറബ് സര്‍ക്കാറുകള്‍ നിഷേധിക്കാന്‍ തത്രപ്പെട്ടു. ഇന്ത്യയില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാറിന്റെ അമേരിക്കന്‍ വിധേയത്വത്തിന് നിരവധി തെളിവുകള്‍ പുറത്തുവന്നപ്പോഴും പുറത്തുവന്ന രേഖകളുടെ ആധികാരികത ചോദ്യം ചെയ്ത് മുഖം രക്ഷപ്പെടുത്താനാണ് ശ്രമം നടന്നത്. ഇപ്പോള്‍ സി.പി. എമ്മിനെയും കേരളത്തില്‍ മുസ്‌ലിം രാഷ്ട്രീയത്തെയും മുസ്‌ലിംലീഗിനെയും ബാധിക്കുന്ന രേഖകള്‍ വെളിച്ചം കണ്ടപ്പോഴും ചിലര്‍ക്ക് അങ്കലാപ്പ്, ചിലര്‍ക്ക് മുതലെടുപ്പ്, നിഷേധത്തിലൂടെ പിടിച്ചുനില്‍ക്കാന്‍ ചിലരുടെ വിഫലശ്രമം.
വിക്കിലീക്‌സ് രേഖകള്‍ വൈദിക സൂക്തങ്ങളോ അനിഷേധ്യ പ്രമാണങ്ങളോ അമേരിക്കന്‍ സര്‍ക്കാറിന്റെ തന്നെ ആധികാരിക അഭിപ്രായങ്ങളോ അല്ല. എന്നുവെച്ച് അത് വെറും ഉണ്ടയില്ലാ വെടികളോ അഭ്യൂഹങ്ങളെ അടിസ്ഥാനമാക്കി പടച്ചുണ്ടാക്കിയ കഥകളോ അല്ലെന്നും അംഗീകരിച്ചേ പറ്റൂ. വര്‍ത്തമാനകാലത്തെ ഏറ്റവും വലിയ ലോകശക്തിയും സാമ്രാജ്യത്വവുമായ അമേരിക്ക ആഗോള പൊലീസുകാരന്റെ റോളിലാണ്, ചുരുങ്ങിയത് ജോര്‍ജ് ബുഷിന്റെ ഭരണകാലം മുതല്‍ക്കെങ്കിലും പെരുമാറുന്നതെന്ന് ലോകത്തിനറിയാം. അറിയാത്തവരെ അറിയിക്കാനും അമേരിക്കക്കാവും. ഈ ആഗോള മേല്‍ക്കോയ്മക്കെതിരായ ചലനങ്ങളെ എന്തുവിലകൊടുത്തും നിശ്ശബ്ദമാക്കാനുള്ള ആസൂത്രിത നീക്കങ്ങളുടെ ഭാഗമായിരുന്നു ഗള്‍ഫ് യുദ്ധം. ഗള്‍ഫ് യുദ്ധത്തെ തുടര്‍ന്ന് മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലും അത്യന്താധുനിക സാങ്കേതിക സംവിധാനങ്ങളാല്‍ സുസജ്ജമായ യു.എസ് സൈനിക താവളങ്ങള്‍ നിലവില്‍ വന്നു. രണ്ടാമത്തെ നടപടിയായിരുന്ന 2001 സെപ്റ്റംബര്‍ 11ലെ ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം. പത്തുവര്‍ഷം പൂര്‍ത്തിയാവുമ്പോഴും അതീവ നിഗൂഢമായവശേഷിക്കുന്ന, അല്‍ഖാഇദയുടെ ഭീകരവൃത്തി എന്ന് അമേരിക്ക പേരിട്ടുവിളിച്ച ഈ ഓപറേഷനാണ് തീവ്രവാദത്തിന്റെയും ഭീകരതയുടെയും വേരറുക്കാനെന്ന വ്യാജനേ മുഴുവന്‍ ലോകരാജ്യങ്ങളുടെയും ആഭ്യന്തരരംഗത്തേക്ക് കടന്നുകയറാന്‍ അമേരിക്കക്ക് അവസരമൊരുക്കിയത്. അഫ്ഗാനിസ്താനിലും ഇറാഖിലും നഗ്‌നമായ സൈനികാധിനിവേശം തന്നെ നടത്തിയപ്പോള്‍, അമേരിക്കയുമായി സാമ്പത്തിക, സൈനിക, സാംസ്‌കാരിക കരാറുണ്ടാക്കാന്‍ നിര്‍ബന്ധിക്കുക വഴി മറ്റു രാജ്യങ്ങളെ സമ്പൂര്‍ണമായി ഷണ്ഡീകരിക്കാനും ചൊല്‍പ്പടിയില്‍ കൊണ്ടുവരാനും അമേരിക്കക്ക് കഴിഞ്ഞു. ലോകത്തെവിടെയെങ്കിലും, ഏതെങ്കിലും കൂട്ടായ്മ മനുഷ്യാവകാശങ്ങളുടെയോ ജനാധിപത്യത്തിന്റെയോ സാമ്രാജ്യത്വ വിരോധത്തിന്റെയോ പേരില്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കെതിരു നില്‍ക്കുന്നുണ്ടെങ്കില്‍ അക്കാര്യം തങ്ങള്‍ക്കറിയണം, അതിനെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുകയും വേണം എന്നും വൈറ്റ് ഹൗസ് തീരുമാനിച്ചു. ഈ നയത്തിലൊന്നും റിപ്പബ്ലിക്കനോ ഡെമോക്രാറ്റോ വെളുത്തവനോ കറുത്തവനോ ആരു വെള്ളക്കൊട്ടാരത്തില്‍ അവരോധിതനായാലും വ്യത്യാസമൊന്നുമില്ല. ഓരോ രാജ്യത്തെയും ആഭ്യന്തരരംഗത്തെ അനക്കങ്ങള്‍ സുക്ഷ്മമായി അറിഞ്ഞുകൊണ്ടിരിക്കാന്‍ മൂന്നു വഴികളാണ് സ്വീകരിക്കപ്പെട്ടത്. ഒന്ന്, ആര്‍ക്കും ലഭ്യമാവുന്ന മാധ്യമവാര്‍ത്തകളെയും അവലോകനങ്ങളെയും സൂക്ഷ്മമായി പാലിക്കാന്‍ ഏര്‍പ്പാടുകള്‍ ചെയ്യുക. ഇത് ലോകത്തേറ്റവും മികച്ചരീതിയില്‍ അമേരിക്ക ചെയ്യുന്നുണ്ട്. രണ്ട്, സുഹദ്‌രാജ്യങ്ങളുമായി ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറാന്‍ കരാര്‍ ഒപ്പിടുക. ഇതിലൂടെ അമേരിക്ക ഇഷ്ടപ്പെടാത്തതൊന്നും അങ്ങോട്ട് കൈമാറുകയില്ലെങ്കിലും കരാറില്‍ കക്ഷികളായ രാജ്യങ്ങളില്‍നിന്ന് അമേരിക്കക്ക് ആവശ്യമായ വിവരങ്ങളൊക്കെ ലഭിക്കും. ഡേവിഡ് ഹെഡ്‌ലിയുടെ കാര്യത്തില്‍ ഇന്ത്യക്കുണ്ടായ തിക്താനുഭവങ്ങള്‍ ഉദാഹരണം. മൂന്നാമത്തേതും എന്നാല്‍, ഏറ്റവും ഫലപ്രദവുമായ മാര്‍ഗം സ്വന്തം നയതന്ത്ര കാര്യാലയങ്ങള്‍ മുഖേനയുള്ള വിവരശേഖരണമാണ്. അതിനായി ഒട്ടുമിക്ക നാടുകളിലും, പ്രധാന രാജ്യങ്ങളില്‍ വിശേഷിച്ചും വിസ്തൃതമായ എംബസികളും കോണ്‍സുലേറ്റുകളുമുള്ള അമേരിക്ക അവയില്‍ സി.ഐ.എ സ്റ്റാഫ് ഉള്‍പ്പെടെ വിപുലമായ ഒരു ഉദ്യോഗസ്ഥപ്പടയെ വിന്യസിപ്പിച്ചിട്ടുണ്ട്. അവര്‍ കാലാകാലങ്ങളില്‍ പ്രധാന രാഷ്ട്രീയ, മത നേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും നേരില്‍കണ്ടും സ്ഥലങ്ങള്‍ സന്ദര്‍ശിച്ചും ഇന്‍ഫോര്‍മര്‍മാരിലൂടെയും സൂക്ഷ്മമായി സമാഹരിച്ച റിപ്പോര്‍ട്ടുകള്‍ അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപാര്‍ട്‌മെന്റിന് കൈമാറുന്നു. ഈ സന്ദേശങ്ങളില്‍ ഒരുഭാഗം കേവലം റിപ്പോര്‍ട്ടുകളാണ്. മറ്റേത്, സ്വന്തമായ നിരീക്ഷണങ്ങളും. തങ്ങളെ ഏല്‍പിച്ച ജോലി അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥന്മാര്‍ ചെയ്യുന്നത് കേവലം ശമ്പളത്തിനു വേണ്ടിയല്ല. മറ്റു രാജ്യങ്ങളുടെ എംബസി സ്റ്റാഫിനെപ്പോലെ അച്യുതാനന്ദന്റെ ഭാഷയില്‍ 'കള്ളും കുടിച്ചുകിടക്കുകയുമല്ല' അവര്‍. തങ്ങളയക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് അമേരിക്ക നടപടികളും പ്രതിവിധികളും സ്വീകരിക്കുക എന്ന ബോധം അവര്‍ക്കുണ്ട്. അതിനാല്‍ തന്നെ, സ്വന്തം സര്‍ക്കാറിനെ തെറ്റിദ്ധരിപ്പിക്കുന്നതോ വ്യാജമോ ആയ സന്ദേശങ്ങള്‍ അവര്‍ കൈമാറാന്‍ ന്യായമില്ല. റിപ്പോര്‍ട്ടുകള്‍ ശേഖരിക്കുമ്പോള്‍ പറ്റാവുന്ന സ്വാഭാവികമായ പിഴവുകളോ അപൂര്‍ണതകളോ മാത്രമേ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥന്മാര്‍ അയക്കുന്ന സന്ദേശങ്ങളിലുണ്ടാവാനിടയുള്ളൂ. അതുകൊണ്ടാണ് വിക്കിലീക്‌സ് രേഖകളില്‍ പറഞ്ഞതൊക്കെ ശരിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞത്. താനും ഉമ്മന്‍ചാണ്ടിയും പറഞ്ഞതുതന്നെയാണ് വിക്കിലീക്‌സില്‍ വന്നത് എന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും സമ്മതിക്കുന്നു. പറഞ്ഞതിനെ ന്യായീകരിക്കുക മാത്രമാണ് ഈ നേതാക്കളൊക്കെ ചെയ്യുന്നത്. സി.പി.എം നേതാക്കള്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞതൊക്കെ ശരിതന്നെ എന്ന അടിസ്ഥാനത്തിലാണ് തദ്വിഷയകമായി മുസ്‌ലിംലീഗ് വക്താക്കളുടെയും പത്രത്തിന്റെയും പ്രതികരണവും.
അപ്പോള്‍ പിന്നെ മന്ത്രി എം.കെ. മുനീര്‍ മാത്രം വിക്കിലീക്‌സിലൂടെ പുറത്തുവന്ന അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകളെ തീര്‍ത്തും നിഷേധിക്കുന്നതിന്റെ ന്യായവും നീതീകരണവും എന്താണെന്നാണ് ചോദ്യം. മുസ്‌ലിംലീഗിലേക്ക് എന്‍.ഡി.എഫിന്റെ നുഴഞ്ഞുകയറ്റം നടക്കുന്നുണ്ടെന്ന് പറഞ്ഞ മുനീര്‍ കുഞ്ഞാലിക്കുട്ടിയെപ്പോലെ വിശ്വാസ്യതയില്ലാത്ത നേതാക്കള്‍ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കായി എന്‍.ഡി.എഫിനെ സംരക്ഷിക്കുകയാണെന്നാണ് അമേരിക്കന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്. അമേരിക്കന്‍ ഉദ്യോഗസ്ഥരെ കണ്ടിട്ടില്ലെന്ന് മുനീര്‍ ഇപ്പോഴും പറയുന്നില്ല. മാത്രമല്ല, ചെന്നൈ അമേരിക്കന്‍ കോണ്‍സുലേറ്റില്‍ തനിക്ക് അടുത്ത സുഹൃത്തുക്കളുണ്ടെന്ന് അദ്ദേഹം തുറന്നു സമ്മതിക്കുകയും ചെയ്യുന്നു. അവരോട് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങള്‍ പങ്കുവെച്ചിട്ടില്ലെന്നു മാത്രമാണ് അദ്ദേഹത്തിന് പറയാനുള്ളത്. പക്ഷേ, സാഹചര്യത്തെളിവുകള്‍ അദ്ദേഹത്തിനെതിരാണ്. 2006ലാണ് അദ്ദേഹം അമേരിക്കന്‍ ഉദ്യോഗസ്ഥരെ കണ്ടതായി വിക്കിലീക്‌സ് രേഖകള്‍ വെളിപ്പെടുത്തുന്നത്. അദ്ദേഹവും കെ.എം. ഷാജിയും എന്‍.ഡി.എഫുമായുള്ള ബന്ധത്തിന്റെ പേരില്‍ മറ്റു ലീഗ് നേതാക്കളെ പ്രതിക്കൂട്ടില്‍ കയറ്റാനും തങ്ങളാണ് ലീഗിന്റെ മതേതരത്വം കാത്തുസൂക്ഷിക്കുന്നതെന്ന ധാരണ സൃഷ്ടിക്കാനും പാടുപെട്ട  കാലഘട്ടമാണത്. അക്കാര്യം അമേരിക്കന്‍ ഉദ്യോഗസ്ഥന്മാരോട് പറഞ്ഞിട്ടുണ്ടെങ്കില്‍ അതില്‍ അസ്വാഭാവികമായൊന്നുമില്ല. പാര്‍ട്ടിയുടെ ആഭ്യന്തരകാര്യം പുറത്തുപറയരുതെന്ന മര്യാദ അദ്ദേഹമടക്കമുള്ള നേതാക്കള്‍ പാലിച്ചിരുന്നെങ്കില്‍ ഇതിനകമുണ്ടായ ഒട്ടേറെ കോലാഹലങ്ങള്‍ ഒഴിവാക്കാമായിരുന്നല്ലോ. പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയെ ശാശ്വതമായി പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന അത്യന്തം ഹീനമായ ലൈംഗികാപവാദം താന്‍ സാരഥിയായ ചാനലിലൂടെ പുറത്തുവന്നതില്‍ ഒരനൗചിത്യവും അച്ചടക്കലംഘനവും കാണാതിരുന്ന നേതാവാണ് ഇപ്പോള്‍ ആഭ്യന്തര കാര്യങ്ങള്‍ പുറത്തുപറയാറില്ല എന്ന് തട്ടിമൂളിക്കുന്നതെന്ന് ഓര്‍ക്കണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍പോലും വി.എസ്. അച്യുതാനന്ദന്‍ അത് വ്യാപകമായി പ്രചാരണത്തിന് ഉപയോഗിച്ചു. ഇപ്പോഴാകട്ടെ, അതേപ്പറ്റി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം കോടതിയെ സമീപിച്ചിരിക്കുകയുമാണ്. വിട്ടാലും വിടില്ല കമ്പിളിക്കെട്ട് എന്നു പറഞ്ഞപോലെ ലീഗിനെ വിടാതെ പിന്തുടരുകയാണ് ഐസ്‌ക്രീം കേസ്. കഴിഞ്ഞദിവസം യോഗം ചേര്‍ന്ന ലീഗ് സംസ്ഥാന സമിതി പ്രതിപക്ഷ നേതാവിനെതിരെ ജില്ലകള്‍തോറും പ്രചാരണം നടത്താന്‍ തീരുമാനിക്കേണ്ടിവന്നതും അതുകൊണ്ടാണ്.
ഈ അപവാദ പ്രചാരണത്തിന്റെ പ്രഭവകേന്ദ്രം ഡോ. മുനീര്‍ നേതൃത്വം നല്‍കിയിരുന്ന ചാനലാണെന്ന സത്യം നിഷേധിക്കാനാവുമോ? ആ നിലക്ക് തന്റെ മതേതരത്വ പ്രതിച്ഛായ അമേരിക്കന്‍ 'സുഹൃത്തുക്കളെ' ധരിപ്പിക്കാന്‍ കിട്ടിയ അവസരം അദ്ദേഹം തീര്‍ത്തും മുതലാക്കി എന്നുതന്നെ കരുതേണ്ടിവരും. അതൊരുനാള്‍ പുറത്തുവരുമെന്ന് അദ്ദേഹം സ്വപ്‌നത്തില്‍പോലും വിചാരിച്ചിട്ടില്ലെന്നിരിക്കെ വിശേഷിച്ചും. അല്ലെങ്കില്‍, സമ്പൂര്‍ണ അമേരിക്കന്‍ ദാസ്യം പേറുന്ന ഒരു സര്‍ക്കാറില്‍ പങ്കാളിയായ മുസ്‌ലിംലീഗിന്റെ പേരില്‍ ഇത്തരമൊരു വ്യാജാരോപണം കൊണ്ടുവരാന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ എന്തിന് തയാറാവണം! ഇ. അഹമ്മദോ പി.കെ. കുഞ്ഞാലിക്കുട്ടിയോ എം.കെ. മുനീറോ ആരാവട്ടെ അമേരിക്കയുടെ മിത്രഗണത്തിലാണ് ഉള്‍പ്പെടുന്നതെന്നും അവരുടെ ഒരു ചലനവും അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാവില്ലെന്നും അറിയാത്തവരാണോ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍? അതും മുനീറിന്റെ 'അടുത്ത സുഹൃത്തുക്കള്‍'! നിലവിലെ പരിതഃസ്ഥിതിയില്‍ ഇക്കാര്യത്തെച്ചൊല്ലി പാര്‍ട്ടിയിലും മന്ത്രിസഭയിലും അസ്വാരസ്യങ്ങളുണ്ടാവുന്നത് ഗുണകരമല്ല എന്ന തിരിച്ചറിവുകൊണ്ട് മുനീറിന്‍േറത് ഔപചാരികമായ ഒരു നിഷേധം മാത്രമാണെന്ന് കരുതിയാല്‍ ആശയക്കുഴപ്പം തീരും.
കൗതുകകരമായ ഒരു വെളിപ്പെടുത്തല്‍ കൂടിയുണ്ട് വിക്കിലീക്‌സ് പുറത്തുവിട്ട രേഖകളില്‍. ലീഗിന്റെ മതേതരത്വ പ്രതിബദ്ധത തെളിയിക്കാനും അതിന്റെ ക്രെഡിറ്റ് പൂര്‍ണമായി തങ്ങള്‍ക്കാണെന്ന് അവകാശപ്പെടാനും മുനീര്‍-ഷാജി ടീം നടത്തിവരുന്ന പ്രചണ്ഡമായ പ്രചാരണത്തിലുടനീളം മുസ്‌ലിം തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രമായി ചിത്രീകരിച്ചത് ജമാഅത്തെ ഇസ്‌ലാമിയെ ആണെന്ന് പരക്കെ അറിയാവുന്നതാണ്. എന്നാല്‍, ജമാഅത്തെ ഇസ്‌ലാമിയുടെ അമേരിക്കന്‍ സാമ്രാജ്യത്വ വിരുദ്ധ നിലപാട് പരാമര്‍ശിക്കെത്തന്നെ അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍ എന്ത്?. 'ജമാഅത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച ചരിത്രമേ ഇല്ലെന്ന്!' അപ്പോള്‍ ശത്രുക്കള്‍പോലും സമ്മതിക്കുന്ന ഒരു സത്യത്തെ നിഷേധിച്ചുകൊണ്ടാണ് ലീഗ് ടീമിന്റെ ഇതഃപര്യന്തമുള്ള പ്രചാരണങ്ങളെന്നര്‍ഥം. അമേരിക്കന്‍ കോണ്‍സുലേറ്റ് സന്ദര്‍ശിച്ചിട്ടെങ്കിലും മുനീര്‍  പ്രഭൃതികള്‍ നേരുപറയാന്‍ പഠിക്കുന്നത് നല്ലതാണ്.